Sunday 7 June 2020

ഇന്റർനെറ്റ് ഓഫ് തിഗ്സും ബിസിനസ് ലോകവും


മനുഷ്യനിന്ന് ജീവിക്കുന്നത് ഇന്‍റനെറ്റിന്‍റെ മായാ ലോകത്തിലാണ്.  24 മണിക്കൂറും നമ്മൾ കണക്ടഡ് ആണെന്നാണ് സത്യം.  ഒരു നിമിഷം പോലും ഇന്‍റർനെറ്റില്ലാതെ ജീവിക്കുവാന്‍ കഴിയാത്ത ഒരവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിച്ചേർന്നിരിക്കുന്നുവെന്ന് പറഞ്ഞാല്‍ അതൊട്ടും അതിശയോക്തിയല്ല.  ഇന്‍റർനെറ്റ് സാധരണയായി നമ്മൾ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്ഫോം എന്നത് കമ്പ്യൂട്ടറുകളായിരുന്നു ഒരു കാലത്ത്.  എന്നാലിന്ന് സ്മാർട്ട് ഫോണുകൾ സുലഭമായപ്പോൾ ഇന്‍റർനെറ്റ് ട്രാഫിക്കിന്‍റെ ഭൂരിഭാഗവും ഇന്ന് അതിലൂടെയാണ്. 

എന്താണ് ഇന്‍റർനെറ്റ് ഓഫ് തിങ്ങ്സ്

ഇനിയും സാങ്കേതിക വിദ്യ ഏറെ മുന്നോട്ട് പോയിരിക്കുന്നു.  കമ്പ്യൂട്ടറുകൾക്ക് പിറകെ ഇന്ന് മനുഷ്യന്‍ ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം തന്നെ ഇന്‍റർനെറ്റ് സന്നിവേവേശിപ്പിക്കാമെന്ന് വന്നിരിക്കുന്നു,  ഇതിനെയാണ് ഇന്‍റെർനെറ്റ് ഓഫ് തിങ്സ് എന്ന് വിളിക്കുന്നത്.  അല്‍പ്പം കൂടി വിശദമാക്കിയാല്‍ ഒരു വീട്ടിലെ വൈദ്യുതി വിളക്കുകൾ, ഫാനുകൾ, റെഫ്രിജേറ്ററുകൾ, ജലസംഭരണികൾ, ഫർണീച്ചറുകൾ, മൈക്രോ വേവു അവനുകൾ എന്നിങ്ങനെ എല്ലാറ്റിലും ഇന്‍റർനെറ്റ് സന്നിവേശിപ്പിക്കപ്പെടുക, അവയെല്ലാം സ്വയം ഇന്‍റലിജെന്‍റായി പെരുമാറുക എന്നിവയെല്ലാം  ഇതിന്‍റെ പരിണത ഫലങ്ങളായിരിക്കും.  1999 ലാണ്  Massachusetts Institute of Technology യിലെ കെവിന്‍ ആഷ്ടണ്‍ ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്.  ഒരു മെഷിന്‍ അല്ലെങ്കില്‍ കമ്പ്യൂട്ടർ സിസ്റ്റത്തില്‍ നിന്നും മറ്റൊരു സിസ്റ്റത്തിലേക്ക് ഇന്‍റനെറ്റ് വഴി നടക്കുന്ന ആശയ വിനിമയത്തിനെയാണ് മെഷിന്‍ ടു മെഷിന്‍ (M2M) കമ്യൂണിക്കേഷന്‍ എന്ന് പറയുന്നത്.  എന്നാല്‍ ഇതില് നിന്നും വ്യത്യസ്തമായി വിവിധ വസ്തുക്കളേയും പ്രോട്ടോക്കോളുകളെയും ആപ്ലിക്കേഷനുകളേയും സമന്വയിപ്പിച്ച് കൊണ്ടുള്ള കൂടുതല്‍ നിലവാരമുള്ള  ആശയ വിനിമയ സംവിധാനമാണ് ഇന്‍റർനെറ്റ് ഓഫ് തിഗ്സ് എന്നത്.  ഇത്തരത്തില്‍ വസ്തുക്കൾ തമ്മിലുള്ള ആശയ വിനിമയം എല്ലാ മേഖലകളിലും ഓട്ടോമേഷന്‍ സാധ്യമാക്കുന്നതോടൊപ്പം തന്നെ സ്മാർട്ട് ഗ്രിഡ് പോലെയുള്ള സൌകര്യങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തും. 

 

ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന്‍റെ അവിഭാജ്യ ഘടകം എന്ന് പറയുന്നത് സെന്‍സറുകളാണ്.  ചുറ്റുപാടുകളെ നിരീക്ഷിക്കുവാനും വിവരങ്ങൾ ശേഖരിക്കുവാനും അനുസൃതമായി ഔട്ട്പുട്ടുകൾ നല്‍കുവാനും കഴിയുന്ന ഉപകരണങ്ങളാണിവ.  പേരു പോലെ തന്നെ സെന്‍സ് ചെയ്യുവാന്‍ കഴിയുന്നവ.  ആയതിനാലാണ് ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന്‍റെ ലോകത്ത്  റോഡുകളിലെ തിരക്ക് സ്വയം മനസ്സിലാക്കി കാറുകൾ ആയത് സ്വയം കൈമാറുന്നത്.  സെന്‍സർ സംവിധാനങ്ങളെ അവ ലഭ്യമാക്കുന്ന വിവിരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന അനുബന്ധ സംവിധാനങ്ങളും ചേരുമ്പോൾ സ്വപ്ന തുല്യമായ പുതിയ സേവനങ്ങൾ ലഭ്യമാവുന്നതാണ്. കെട്ടിടങ്ങളിലെ അഗ്നി സുരക്ഷ, ഓക്സിജന്‍റെ അളവ്, ദുർഗന്ധം, വ്യക്തികളുടെ ചലനം ഇവയൊക്കെ കൃത്യമായി തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന സ്മാർട്ട് വീടുകളും ഓഫീസുകളും സാധ്യമാവും.  സ്മാർട്ട് സിറ്റികളിലാവട്ടെ ഡ്രൈവറില്ലാത്ത കാറുകളും, ട്രാഫിക്ക് കുരുക്കില്ലാത്ത, ഹോണില്ലാത്ത, നിയമ ലംഘനമില്ലാത്ത, അപകടമില്ലാത്ത റോഡുകളും സാധ്യമാവും. കുടിവെള്ളത്തിന്‍റെ ശുദ്ധത ഓരോ നിമിഷവും നിരീക്ഷിക്കുവാന്‍ സാധിക്കും. 

 

മാറ്റങ്ങൾ എവിടെയൊക്കെ

 

വളരെ വിശാലമായ അർത്ഥ തലങ്ങളുളള ഒരു മേഖലയാണ് ഇന്‍റർനെറ്റ് ഓഫ് തിംഗ്സ്.  ഇതിനെപ്പോലെ തന്നെ വിശലമാണ് അതിന്‍റെ സേവന മേഖലയും.  നമ്മൾ ചിന്തിക്കുന്നതിനപ്പുറം വിശാലമായ ഒരു പ്രവർത്തന മേഖലയായിരിക്കും ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന്‍റേത്.  ലോകം ഇതിനെ ഭാവിയുടെ ടെക്നോളജിയായി വിലയിരുത്തുന്നു.  നമ്മുടെ വീട്ടിലെ റെഫ്രിജേറ്ററില്‍ ഇരിക്കുന്ന പച്ചക്കറിയുടെ അളവ് കുറയുമ്പോൾ അത് നാം സ്വയമേവ നിത്യവും സന്ദർശിക്കുന്ന സൂപ്പർമാർക്കറ്റിന് ആ വിവരങ്ങൾ കൈമാറിയാലോ. ഇത് വളരെ ലളിതാമയി  ചെയ്യാവുന്ന ഒന്നാണ്.  എന്നാല്‍ മാറുന്ന ബിസിനസ്സ് ലോകത്ത് ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന് വളരെയേറെ ചെയ്യുവാനുണ്ട്. 

 

ആപ്ലിക്കേഷനുകൾക്കനുസരിച്ച് സ്മാർട്ട് വെയറബിൾ, സ്മാർട്ട് ഹോം, സ്മാർട്ട് സിറ്റി, സ്മാർട്ട് എന്‍വിയോണ്‍മെന്‍റ്, സ്മാർട്ട് എന്‍റർപ്രൈസസ് എന്നിങ്ങനെ ഇന്‍റർനെറ്റ് ഓഫ് തിംഗ്സിനെ തിരിക്കാം.

 

അഡ്വെർട്ടൈസിങ്ങ്

 

ബിഗ് ഡേറ്റയുടെ സഹായത്തോട് കൂടി പരസ്യ മേഖലക്ക് ഒരു പുതിയ മാനം നല്‍കുവാന്‍ ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന് കഴിയും.  പാരമ്പര്യ മീഡിയ ഉപാധികളായിരുന്ന ന്യൂസ് പേപ്പർ, മാഗസിന്‍ തുടങ്ങിയവയ്ക്ക് പകരം ഓരോ ഉപഭോക്താവിനും ആവശ്യമായവ മാത്രം ആവശ്യമായ സമയങ്ങളില്‍ മാത്രം എത്തിച്ച് കൊടുക്കുവാന്‍ ഇത് വഴി കഴിയും.  നമ്മുടെ കുഞ്ഞിന്‍റെ ജന്മദിനം സോഷ്യല്‍ മീഡിയയില്‍ നിന്നും മനസ്സിലാക്കി വിവിധ ഓണ്‍ലൈന്‍ സൈറ്റുകൾക്ക് ആ സമയത്ത് ആവശ്യമായ വസ്തുക്കളുടെ പരസ്യം നമ്മുടെ മൊബൈലില്‍ എത്തിക്കുവാന്‍ കഴിയും.  നമ്മുടെ മുന്‍കാല പർച്ചേസിങ്ങുകളും ഇഷ്ടങ്ങളുമൊക്കെ ഇവിടെ സ്വാധീനിക്കപ്പെടുന്നുണ്ട്.  

 

റീടെയില്‍ മേഖല

 

ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന് ഏറെ മാറ്റങ്ങൾ ഉണ്ടാക്കുവാന്‍ കഴിയുന്നയൊരു മേഖലയാണ് റീടെയിലിന്‍റേത്.   സൂപ്പർ മാർക്കറ്റുകളിലലെ വിരസമായ നീണ്ട ക്യൂവിന് പകരം ഓട്ടോമാറ്റിക്കായി നമ്മുടെ അക്കൌണ്ടില്‍ നിന്നും പൈസ കടയിലേക്ക് പോകുന്ന ഒരു സംവിധാനമായിരിക്കും ഇനി ഈ രംഗത്ത് വ്യാപകമാകുവാന്‍ പോകുന്നത്.  ഇപ്പോൾ തന്നെ ഈ സംവിധാനം എറണാകുളത്ത് നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്.  വ്യക്തി പരമായി ഉപഭോക്താക്കൾക്ക് ഓരോ ഉല്‍പ്പന്നങ്ങൾക്കും ഇളവുകൾ നല്‍കുവാന്‍ ഇത് വഴി കഴിയുന്നതാണ്.  2013 മുതല്‍ ബീക്കണ്‍ എന്ന പേരില്‍ ആപ്പിൾ ഇപ്രകാരമൊരു ബ്ലൂടൂത്ത് ഡിവൈസ് പുറത്തിറക്കിയിട്ടുണ്ട്.  ഇതിനി വ്യാപകമാകുന്നതാണ്.  ഉദാഹരണമായി മേക്കപ് സാധനങ്ങൾ വില്‍ക്കുന്ന കടയുടെ അടുത്ത് നാം എത്തുമ്പോൾ ആ സാധനങ്ങളുടെ ഓണ്‍ലൈന്‍ സ്റോറുകൾ നമ്മളെ അതിനെപ്പറ്റി ഓർപ്പിക്കുമെന്നർത്ഥം.  Radio Frequency Identification  (RFID) യില്പ്രവർത്തിക്കുന്ന സ്മാർട്ട് ഷെല്‍ഫുകളായിരിക്കും ഇനി സൂപ്പർ മാർക്കറ്റുകളിലെ താരം.  ഉല്‍പ്പന്നങ്ങൾ അതാതിന്‍റെ സ്ഥലം മാറിയിരുന്നാലോ, കാലാവധി കഴിഞ്ഞാലോ, അല്ലായെങ്കില്‍ അത് തീരുന്ന കാര്യമോ ഓട്ടോമാറ്റിക്കായി മൊബൈലില്‍ അറിയുവാന്‍ കഴിയുന്ന സംവിധാനം ഇത് വഴി ഡവലപ് ചെയ്യുവാന്‍ കഴിയും. 

 

ജർമ്മന്‍ റിടെയില്‍ ചെയിനായ FENEBERG ഉല്‍പ്പന്നങ്ങളുടെ തത്സമയ മൂവ്മെന്‍റ് അറിയുവാനുള്ള ഒരു സംവിധാനം ഐ ഒ ടി ഉപയോഗിച്ച് ഡവലപ് ചെയ്തിട്ടുണ്ട്.   Retail സ്റ്റോറുകളുടെ Layout നന്നായി ഡിസൈന്‍ ചെയ്യുവാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ കഴിയും.  സപ്ലെ ചെയിന്‍ മാനേജ്മെന്‍റ്   സിസ്റ്റം കാര്യക്ഷമമാക്കുവാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുവാന്‍ കഴിയും.  വെയർഹൌസില്‍ സൂക്ഷിച്ചിരിക്കുന്ന ഒരൈറ്റം എത്ര നാൾ കേട് കൂടാതെ ഇരിക്കും, അതിന്‍റെ താപ നില എത്ര തുടങ്ങിയ വിവരങ്ങൾ ഒക്കെ കൃത്യമായി അറിയുവാന്‍ ഈ സാങ്കേതിക വിദ്യക്കാവും.  മാത്രവുമല്ല ഇപ്പോഴുള്ളതിനേക്കാൾ കുറഞ്ഞ ജീവനക്കാരുമായി ഒരു റീടെല്‍ സ്റ്റോർ പ്രവർത്തിപ്പിക്കുവാനാകും.

 

ആരോഗ്യ രംഗം

 

ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന് ഏറെ മാറ്റങ്ങൾ വരുത്തുവാന്‍ കഴിയുന്ന മേഖലയാണ് ആരോഗ്യ മേഖല.  ഫ്രിഡ്ജുകളില്‍ സൂക്ഷിച്ചിരിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മൊബൈലില്‍ എത്തുന്നതില്‍ തുടങ്ങുന്നു ഇത്.  രോഗികളുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന പേസ് മേക്കർ പോലുള്ള ഉപകരണങ്ങളില്‍ ഘടിപ്പിക്കുന്ന സെന്‍സറുകൾ എമർജന്‍സി നോട്ടിഫിക്കേഷന്‍ നടത്തി ഉപഭോക്താവിനെ എപ്പോഴും ജാഗരൂകരാക്കുവാന്‍ ഐ ഒ ടി കൊണ്ട് സാധിക്കും.  മാത്രവുമല്ല രോഗികളുടെ വിവരങ്ങൾ ഈ വെയറബിളുകൾ സെറ്റ് ചെയ്ത മൊബൈലിലേക്ക് അയക്കുന്ന സംവിധാനമൊരുക്കുവാനും കഴിയും. 

 

ലോജിസ്റ്റിക്സ്

 

ഈയടുത്ത നാളില്‍ ഒരു തൊഴില്‍ മേഖലയായി തന്നെ വളർന്ന് വന്നതായ ലോജിസ്റ്റിക്സ് മാനേജ്മെന്‍റില്‍ ഇന്‍റർനെറ്റ് ഓഫ് തിംഗ്സിന് വളരെ വലിയ റോളുണ്ട്. ഒരു വലിയ കമ്പനിയുടെ വിവിധ സ്റ്റോറുകളിലായി പതിനായിരക്കണക്കിന് സാധനങ്ങൾ സൂക്ഷിച്ച് വെച്ചിരിക്കുന്ന ഒരു സംവിധാനത്തെ നിയന്ത്രിക്കുന്നത് ഈ സാങ്കേതിക വിദ്യ വഴി എളുപ്പത്തില്‍ സാധിക്കുന്നതാണ്.  ഇത് സംഭംരണത്തിനും വിതരണത്തിനുമുള്ള ചിലവ് ഗണ്യമായി കുറക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. 

 

കെട്ടിടങ്ങൾ

 

ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ പുറം തള്ളലില്‍ 40 ശതമാനവും കെട്ടിടങ്ങളില്‍ നിന്നാണെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ കണക്കുകൾ കാണിക്കുന്നത്.  ഇന്‍റർനെറ്റ് ഓഫ് തിംഗ്സുമായി കണക്ട് ചെയ്തിട്ടുള്ള ഇന്‍റലിജെന്‍റ് ബില്‍ഡിങ്ങുകൾ ലൈറ്റ്, ഹീറ്റ് സെന്‍സറുകളുപയോഗിച്ച് കെട്ടിടത്തിനുള്ളിലെ ചൂടും വെളിച്ചവും ക്രമീകരിക്കുന്നു.  ഇത്തരം കെട്ടിടങ്ങളുടെ നിർമ്മാണം ഊർജ്ജ ഉപയോഗം, ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ പുറം തള്ളല്‍ തുടങ്ങിയവയും കുറക്കുന്നു.

 

ഉല്‍പ്പാദനം

 

മാനുഫാക്ചറിങ്ങ് എക്യുപ്മെന്‍റ്സ് മാനേജ്മെന്‍റ്,  സ്മാർട്ട് മാനുഫാക്ചറിംഗ് പ്രോസസ് തുടങ്ങിയ മേഖലകളുടെ സുരക്ഷിതമായ പ്രവർത്തനം ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് ഉറപ്പാക്കുന്നു.   പുതിയ ഉല്‍പ്പന്നങ്ങളുടെ ദ്രുതഗതിയിലുള്ള ഉല്‍പ്പാദനം, ഉല്‍പ്പന്നത്തിന്‍റെ ആവശ്യകതക്കനുസൃതമായ ഓട്ടോമാറ്റിക് മാനുഫാക്ചറിങ്ങ് സിസ്റ്റം, ഉല്‍പ്പന്നത്തിന്‍റെ റിയല്‍ ടൈം ചെക്കിങ്ങ്, പ്ലാന്‍റ് ആന്‍റ് സേഫ്റ്റി സെക്യൂരിറ്റി മെക്കാനിസം തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.

 

ഗതാഗതം

 

വാഹനങ്ങളും ട്രാഫിക് സിസ്റ്റവുമെല്ലാം കണക്ടഡ് ആകുമ്പോൾ കമ്യൂണിക്കേഷന്‍ എളുപ്പവും കാര്യക്ഷമവുമാകുന്നു.  നിരത്തില്‍ ഓടുന്ന എല്ലാ വാഹനങ്ങൾക്കും ട്രാഫിക് സംബന്ധമായ വിവരങ്ങൾ തത്സമയം ലഭിക്കുന്നതിനാല്‍ ഗതാഗത കുരുക്ക് എളുപ്പത്തില്‍ ഒഴിവാക്കാനാവുന്നു. 


വഴി മനസ്സിലാക്കാനുള്ള ഗൂഗിൾ മാപ്‌സ് പോലെയുള്ള നാവിഗേഷൻ സംവിധാനങ്ങളില്ലാതെ നമുക്ക് അറിയാത്ത ഇടങ്ങളിലേക്ക് ഒരു യാത്രപോകാൻ സാധിക്കില്ല എന്നായിരിക്കുന്നു. താനേ ഓടുന്ന ഡ്രൈവറില്ലാ കാറുകളുടെ വരവിന‌് ഈ സംവിധാനങ്ങൾ വലിയൊരു പങ്കു വഹിക്കുമെങ്കിലും, ഇത്തരം സംവിധാനങ്ങളിലെ ന്യൂനതകൾ മനസ്സിലാക്കാനും ഇടയ്ക്കൊക്കെ മനുഷ്യനെപ്പോലെ വിവേകത്തോടുകൂടി ചിന്തിക്കാനും ഡ്രൈവറില്ലാ വാഹനങ്ങൾക്ക് സാധിക്കണം. അതിനുള്ള ഗാവേഷണങ്ങളും പരീക്ഷണങ്ങളും ഒക്കെയാണ് നമ്മുടെ തിരുവനന്തപുരത്തുള്ള നിസ്സാൻ ഡിജിറ്റൽ ഹബ്ബിലടക്കം നടക്കുന്നത്. കൃത്രിമബുദ്ധിയും മറ്റ‌് അനുബന്ധ സാങ്കേതികവിദ്യകളും കുറെയേറെ മുന്നോട്ടുപോയ സ്ഥിതിക്ക് ഡ്രൈവറില്ലാ വാഹനങ്ങൾ നമ്മുടെ നാട്ടിലും യാഥാർത്ഥ്യമായേക്കാം.

ഇന്‍റലിജെന്‍റായ പാർക്കിങ്ങ് സംവിധാനം ഇതുപയോഗിച്ച് സാധ്യമാണ്.   ഒപ്പം സെന്‍സറുകൾ ഉപയോഗിച്ചുള്ള ട്രാഫിക് നിയന്ത്രണവും.  ഇന്‍റർനെറ്റ് ഓഫ് തിംഗ്സിലുള്ള കാറുകൾ പമ്പിലോ പാർക്കിങ്ങ് സെന്‍ററുകളിലോ എത്തുമ്പോൾ ഓട്ടോമാറ്റിക്കായി ക്യാഷ് ട്രാന്‍സ്ഫർ ചെയ്യുന്ന രീതിയായിരിക്കും ഇനി നമ്മൾ കാണുവാന്‍ പോകുന്നത്. 

സ്മാർട്ട് സിറ്റി

ലോകത്തിലെ പട്ടണങ്ങളെല്ലാം തന്നെ മാലിന്യത്തിന്‍റെ പിടിയിലാണ്.  പുഴകളടക്കം ജലാശയങ്ങളെല്ലാം തന്നെ മനുഷ്യന്‍റെ പ്രവർത്തനങ്ങളാല്‍ മാലിന്യമായി മാറിക്കൊണ്ടിരിക്കുന്നു.  പ്രധാന പുഴകളിലെ മാലിന്യം ഇവിടെ നിശ്ചിത സമയം കൂടുമ്പോൾ പൊല്യൂഷന്‍ കണ്‍ട്രോൾ ബോർഡ് പരിശോധിക്കുകയും ആയതിന് കാരണമായ കമ്പനികൾക്ക് നോട്ടീസ് അയയ്കുകയുമാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്.  എന്നാലതൊക്കെയും സെന്‍സറുകൾ പരിശോധിച്ച് ഓട്ടോമാറ്റിക്കായി ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്ന സംവിധാനം ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് വഴി ഒരുക്കുവാന്‍ സാധിക്കും. 

പരിസ്ഥിതി നിരീക്ഷണം

വിവിധങ്ങളായ സെന്‍സറുകൾ ഉപയോഗിച്ച് വായു, വെള്ളം, ശബ്ദം തുടങ്ങിയവയുടെ അളവ് നിർണ്ണയിക്കുവാനും ഇത് വഴി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുവാനും കഴിയും.  വിവിധ മാർഗ്ഗങ്ങൾ ഉപയോഗിച്ച് സുനാമി, ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, പേമാരി തുടങ്ങിയവയൊക്കെ കണ്ടെത്തുവാനും വേണ്ട മുന്‍കരുതലുകൾ എടുക്കുവാനും സാധിക്കും. 

കൃഷിയിലും മൃഗ സംരക്ഷണത്തിലും ഐ ഒ ടി

ഹൈടെക് കൃഷിയായിരിക്കും ഇനിയുള്ള കാലഘട്ടത്തിലുണ്ടാകുവാന്‍ പോകുന്നത്.  തോട്ടത്തിലെ മണ്ണിന്‍റെ അളവും, ഈർപ്പവും, വളത്തിന്‍റെ അംശവും, മറ്റു മൂലകങ്ങളുടെ അളവുമെല്ലാം നിരന്തരം നിരീക്ഷിക്കപ്പെടുകയും ഒപ്പം അത് മൊബൈലില്‍ അലേർട്ടായി വരികയും ചെയ്യും. അതുനസരിച്ച് പരിപാലനം നടത്തുവാനും കഴിയും പശു ഫാമില്‍ ഇത്തരം സെന്‍സറുകൾ നടപ്പിലാക്കിയ പത്തോളം ഫാമുകൾ കേരളത്തില്‍ തന്നെ ഉണ്ടിപ്പോൾ. 

വിദ്യാഭ്യാസ മേഖല

വിദ്യാർഥിക്ക് പഠിക്കുവാന്‍ ഏറ്റവും ഉന്‍മേഷകരായ സമയം ഏതെന്ന് തിരിച്ചറിയുവാന്‍ ഇതിനാകും.  വിദ്യാർഥി സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന രീതിയും തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകൾ നടത്തുവാനും ഈ ടെക്നോളജി വഴി സാധിക്കും. 

ഇന്റർനെറ്റ് ഓഫ് ബോഡീസ്

ഇന്‍റനെറ്റ് ഓഫ് തിംഗ്സ് എന്നതില്‍ നിന്നും കൂടുതലായി കാര്യങ്ങൾ മുന്‍പോട്ട് പോയിരിക്കുന്നു. അതാണ് ഇന്‍റർനെറ്റ് ഓഫ് ബോഡീസ് എന്നത്. 
റെഫ്രിജേറ്റർ മുതൽ ടിവിവരെ, ഫാക്ടറി യന്ത്രങ്ങൾ മുതൽ ക്യാമറകൾ  വരെ ഇന്‍റർനെറ്റുമായി ബന്ധപ്പെട്ട ഒരു ലോകമാണ് ഇന്നത്തേത്. ഇന്‍റർനെറ്റ് ഓഫ് തിങ‌്സ‌് എന്ന ഈ അവസ്ഥയിൽനിന്ന് നമ്മളെത്തന്നെ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്ന ഇന്റർനെറ്റ് ഓഫ് ബോഡീസ് എന്ന പ്രവണതയാണിനി വരുന്നത്.  ശരീരത്തിനുള്ളിൽ ഇംപ്ലാന്റ് ചെയ്യാവുന്ന ഇത്തരം ഉപകരണങ്ങൾ ഇന്നത്തെപ്പോലെ കൈയിൽ കെട്ടുന്ന, ദേഹത്ത‌് ഘടിപ്പിക്കുന്ന വെയ്‌റെബിൾസ് എന്നതിന്റെ അടുത്ത തലമാണ്. ഗുളികപോലെ കഴിച്ചിട്ട‌് പുറത്തുള്ള സെൻസറുകളുമായി സംവദിക്കാൻ കഴിയുന്ന ഡിജിറ്റൽ പില്ലുകളും (ഗുളിക) ഈ കൂടെയുണ്ട്.  ശരീരത്തിനുള്ളിലെ ഓരോ അനക്കവും പുറത്തുള്ള കംപ്യൂട്ടറുകൾ പങ്കുവയ്ക്കുന്ന അവസ്ഥ സുരക്ഷയും സ്വകാര്യതയും എത്രത്തോളം ഹനിക്കുമെന്നത് വരും കാലങ്ങളിൽ മാത്രമേ മനസ്സിലാകൂ.

പ്രശ്നങ്ങൾ ഇവിടെയുമുണ്ട്

ഏതൊരു സാങ്കേതിക വിദ്യയുടേയും മറുപുറത്ത് ചില പ്രശ്നങ്ങളുണ്ടാവെമെന്നത് സാധാരണമാണ്.  ഈ സാങ്കേതിക വിദ്യയും അപവാദമല്ല.  ആയാസ രഹിതമായ ഒരു ജീവിതത്തിന് ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് ഉതകുമെന്നതിന് പക്ഷാന്തരമില്ലായെങ്കിലും പല സാമൂഹിക നിരീക്ഷകരും ഇതിനെ സംശയത്തോടെ കാണുന്നവരുണ്ട്.  ഉപഭോക്താവിന്‍റെ സ്വകാര്യതയിലേക്ക് വല്ലാതെ കടന്ന് വരുന്നയൊന്നാണിതെന്നാണ് ഒരഭിപ്രായം.  മനുഷ്യരുടെ സ്വകാര്യ ഡേറ്റകളുടെ ഉപയോഗം വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിനെ ഹനിക്കുന്നുവെന്ന് ചിന്തിക്കുന്നവരുണ്ട്. വരും കാലങ്ങളില്‍ മനുഷ്യന്‍ കോർപ്പറേറ്റ് കമ്പനികളുടെ താല്‍പ്പര്യത്തിനനുസരിച്ച് ജീവിക്കേണ്ടി വരുമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ചിന്തിക്കുന്നത്.

മനുഷ്യരുടെ സുരക്ഷയോടൊപ്പം ഇന്‍റർനെറ്റുമായി ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ് ടെക് ലോകം.  കമ്പ്യൂട്ടർ നിയന്ത്രിത കാറുകളുടെ നിയന്ത്രണം അക്രമകാരികൾക്ക് ഏറ്റെടുക്കുവാന്‍ കഴിഞ്ഞാലുള്ള അവസ്ഥ ചിന്തിക്കുവാന്‍ കഴിയുമല്ലോ.  അത് പോലെ ഹെല്‍ത്ത് മോണിറ്ററിങ്ങ് സെന്‍സറുകൾ തീവ്രവാദികൾ ആക്രമിച്ചാലുള്ള വിപത്തിനെപ്പറ്റി ചിന്തിക്കുന്നത് തന്നെ ഭയാനകം ആണ്. 

ഈ ഉപകരണങ്ങൾ ഉയർത്തുന്ന പാരിസ്ഥിക വിഷയങ്ങളും ഇത്തരുണത്തില്‍ ചിന്തനീയമാണ്.  കേടാകുന്ന ഇത്തരം ഉപകരണങ്ങൾ ഉപേക്ഷിക്കപ്പെടുമ്പോൾ അത് ഇ മാലിന്യമായി മാറുന്നുണ്ട്.   ഇത് ഗ്രീന്‍പീസ് അടക്കമുള്ള പല പാരിസ്ഥിക സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

എന്തൊക്കെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ മാറ്റി മറിക്കുന്ന സാങ്കേതിക വിദ്യയായി ഇത് മാറിയിരിക്കുന്നു.  മനുഷ്യന്‍റെ ജീവിതം പ്രയാസ രഹിതമാവുമ്പോൾ ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ അധ്വാനം കുറക്കുകയും ഇത് രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം. ഏതായാലും ഈ സാങ്കേതിക വിദ്യയായിരിക്കും ഇനി ബിസിനസ് ലോകത്തെ മാറ്റി മറിക്കുവാന്‍ പോകുന്നുവെന്നതിന് പക്ഷാന്തരമില്ല. 

 

 

 

 


സ്മാർട്ട് സംരംഭങ്ങളും മാറുന്ന തൊഴില്‍ മേഖലകളും


തൊഴിലിന്‍റെ നിർവ്വചനങ്ങൾ പൊളിച്ചെഴുതപ്പെട്ട് തുടങ്ങിയിട്ട് കാലങ്ങളേറെയായിട്ടില്ല.  മുന്‍പൊക്കെ ഒരു ജോലി എന്ന് ചിന്തിക്കുമ്പോൾ സർക്കാർ ജോലിക്കപ്പുറം മറ്റൊന്നും മുന്‍പിലില്ലാതെയിരുന്നപ്പോൾ, എന്നാലിന്ന് അഭ്യസ്ത വിദ്യർക്ക് മുന്‍പില്‍ നിരവധി വാതയാനങ്ങളുണ്ട്.  മാറുന്ന കാലഘട്ടത്തില്‍ പൊതു സമൂഹത്തിന്‍റെ പ്രത്യേകിച്ചും അഭ്യസ്ത വിദ്യരായ യുവതലുമറയുടെ മനോഭാവത്തില്‍ വന്ന മാറ്റവും ശ്രദ്ധേയമാണ്. ഇന്നത്തെ യുവത കൂടുതലും സർക്കാർ ജോലിയുടെ സുരക്ഷിതത്വത്തിലൊതുങ്ങാതെ തങ്ങളുടെ കഴിവുകൾക്കിണങ്ങുന്ന വ്യത്യസ്ത സ്വകാര്യ ജോലികളിലേക്കും ഒപ്പം സ്റ്റാർട്ടപ്പുകളാരംഭിക്കുവാനായും മാറിയെന്നതും ആശാവഹമാണ്. 

ഒരു സംരംഭം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സില്‍ അരക്കിട്ടുറപ്പിച്ചിരിക്കുന്ന ചില ബിംബങ്ങൾക്കപ്പുറം കടന്ന് ഇന്ന് നാം ചിന്തിക്കുന്നു.  ഇന്നത്തേത് കണ്‍സപ്റ്റുകളുടെ യുഗമാണ്.  ലോകത്തെ മാറ്റി മറിക്കുവാന്‍ കഴിവുള്ള ആശയങ്ങൾക്ക് ഇന്ന് കോടികളുടെ വിപണി മൂല്യമുണ്ട്.  ഒരു ഹോട്ടല്‍ പോലും സ്വന്തമായില്ലാതെ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശ്ര്യംഖല ഉണ്ടാകുമെന്നോ, ഒരൊറ്റ വാഹനം പോലും സ്വന്തമായില്ലാതെ ലോകത്തിലെ ഏറ്റവും വലിയ ടാക്സി കമ്പനി നിലവില്‍ വരുമെന്നോ നാം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടുണ്ടാവുകയില്ല. ചിന്തിക്കുവാന്‍ പോയിട്ട് അപ്രകാരമുള്ള ആശയങ്ങള്‍ നമ്മുടെ ചിന്താമണ്ഡലത്തിലേക്ക് പ്രവേശിക്കുവാന്‍ പോലും ധൈര്യപ്പെടുകയില്ലായിരുന്നു മുന്‍പൊക്കെ.  എന്നാലിന്ന് ഇത്തരം വിപ്ലകരമായ ആശയങ്ങൾ ഉടലെടുക്കുമ്പോൾ അതിനനുസരിച്ച് സംരംഭങ്ങളുടെ വ്യാപ്തി വിപുലമാക്കപ്പെടുന്നു. അപ്പോൾത്തന്നെ മുന്‍പൊക്കെ ഇല്ലാതിരുന്ന പുത്തന്‍ തൊഴിലവസരങ്ങൾ ഉടലെടുക്കുന്നു. സാങ്കേതിക വിദ്യയും നെറ്റ് വർക്കുകളും പുത്തന്‍ ആശയങ്ങളും കൈകോർക്കുമ്പോൾ കേരളവും മാറുകയാണ്.

ഐ ടി എനേബിൾഡ് സർവീസുകളാണ് സ്മാർട്ട് സംരംഭങ്ങളില്‍ പ്രധാനപ്പെട്ടത്. ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ ശാലകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ സോഫ്റ്റ് വെയർ ഉല്‍പ്പാദിപ്പിച്ച് നല്‍കുന്ന സ്ഫാപനങ്ങളാണ് നമ്മുടെ ഇന്‍ഫോ പാർക്കിലും, ടെക്നോപാർക്കിലുമുള്ളത്.  ടെക്നോ ലോഡ്ജ് പോലുള്ള സ്വകാര്യ ഐ ടി പാർക്കുകളിലും സമാന സംരംഭങ്ങൾ ഏറെയാണ്. കൊച്ചു കേരളത്തിലെ രാജ്യാന്തര വിമാനത്താവളങ്ങളുടെ സാന്നിധ്യം ഇത്തരം സംരംഭങ്ങളുടെ വളർച്ചക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളിലൊന്നാണ്. അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക് അനായാസം വിഹരിക്കുവാനുള്ള മേച്ചില്‍പ്പുറങ്ങളാണ് ഇത്തരം സംരംഭങ്ങളോരോന്നും.

രാജ്യം ഡിജിറ്റലിലേക്ക് മാറുമ്പോൾ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് രൂപപ്പെടുവാന്‍ പോകുന്നത്. 2020 ഓടെ രാജ്യത്ത് 25 ലക്ഷം ആന്‍ഡ്രോയിഡ് ഡെവലപ്പർമാരുടെ ആവശ്യകതയാണ് വരുവാനിരിക്കുന്നത്. ഇത് മുന്നില്‍ കണ്ട് ഗൂഗിൾ പ്രത്യേക ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡവലപ്മെന്‍റ് കോഴ്സ് ആരംഭിച്ച് കഴിഞ്ഞു.

നിർമ്മാണ മേഖലയിലാണ് ഏത് രാജ്യത്തും മൂന്നിലൊന്നോളം തൊഴിലവസരങ്ങൾ രൂപപ്പെടുന്നത്.  ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂന്നിയ നിർമ്മാണ മേഖലയിലാണ് ലോകത്താകമാനം കൂടുതല്‍ തൊഴിലവസരങ്ങൾ രൂപപ്പെടുവാന്‍ പോകുന്നത്.

മാധ്യമ രംഗം

മീഡിയ ടെക്നോളജീസ് പോലെ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇത്തരം സ്മാർട്ട് സംരംഭങ്ങൾക്ക് ഉത്തമോദാഹരണമാണ്. അമേരിക്ക, കാനഡ, യൂറോപ്പ് എന്നീ മേഖലകളില്‍ ആനിമേഷന്‍ രംഗം വളർച്ചയുടെ പാതയിലാണ്. വാർട്ട് ഡിസ്നി, ഐ-മാക്സ്, സോണി, വാർണർ ബ്രദേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ കരാർ ജോലികൾ ഏറ്റെടുക്കുവാന്‍ പ്രാപ്തിയുല്ള സ്ഥാപനങ്ങളായ ക്രൈസ്റ്റ് ആനിമേഷന്‍, ടൂണ്‍സ്, കളർ ചിപ്സ് തുടങ്ങിയ വമ്പന്‍മാർ വച്ച് നീട്ടുന്ന തൊഴിലവസരങ്ങളും ഏറെയാണ്.  ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍, ആനിമേറ്റർ, കണ്‍ടെന്‍റ് ഡവലപ്പെർ തുടങ്ങിയ ജോലികൾക്ക് നമ്മുടെ യുവതലമുറ പ്രാപ്തരാകേണ്ടതുണ്ട്.  മായ, അനിമോ, ഫോട്ടോഷോപ്പ് തുടങ്ങിയ സാങ്കേതിക വിദ്യകളിലുള്ള പ്രാവിണ്യമുള്ളവർക്ക് ഈ രംഗത്ത് ശോഭിക്കാനാകും.

ബി പി ഓ

ബിസിനസ്സ് പ്രോസസ് ഔട്ട്സോഴ്സിങ്ങ് എന്നറിയപ്പെടുന്ന സംരംഭങ്ങൾ നിർണ്ണായകമായ ഒന്നാണ്.  അതിവേഗം വളരുന്ന ഒരു തൊഴില്‍ മേഖലയാണിത്. അതായത് മറ്റ് വന്‍കിട കമ്പനികൾക്ക് വേണ്ടി അവരുടെ പല ജോലികളും ഏറ്റെടുത്ത് നടത്തുക എന്നതാണിത്. സ്ഥാപനങ്ങളുടെ Front Officeജോലികളും Back Officeജോലികളും ഔട്ട്സോഴ്സിങ്ങ് ചെയ്യുന്നവയാണ്. കമ്പനിയുടെ അകത്തെ പ്രവർത്തനങ്ങളായ ഓഡിറ്റിങ്ങ്, ഹ്യൂമന്‍ റിസോഴ്സ് (HR), ക്വാളിറ്റിഅഷ്വറന്‍സ്, ഐ ടി സേവനങ്ങൾ, പേയ്മെന്‍റ് പ്രോസസിങ്ങ് തുടങ്ങിയവയാണ് Back Office വിഭാഗത്തില്‍ പെടുന്ന ജോലികൾ.  കസ്റ്റമർ റിലേഷന്‍സ്, മാർക്കറ്റിങ്ങ് പോലുള്ളവ Front Office വിഭാഗത്തിലും ഉൾപ്പെടും.  വന്‍ തൊഴില്‍ സാധ്യതയുള്ളതാണ് കോൾ സെന്‍റർ, ട്രാന്‍സ്ക്രിപ്ഷന്‍ മേഖലകൾ.  ബി പി ഓയുടെ ഒന്നാം തലമുറയായാണിതറിയപ്പെടുന്നത്.  ഇത്തരം ഔട് സോഴ്സിങ്ങ് ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന സ്റ്റാർട്ടപ് കമ്പനികൾക്ക് ഈ മേഖലയില്‍ സാധ്യത ഏറെയാണ്. ഡിജിറ്റൈസേഷന്‍, കണ്ടന്‍റ് ക്രിയേഷന്‍, കണ്ടെന്‍റ് കണ്‍വേർഷന്‍ എന്നിങ്ങനെ നിരവധി ജോലികൾ വേറെയുമുണ്ട്.  ഇന്‍റർനെറ്റിലൂടെ വിദേശ വിദ്യാർത്ഥികൾക്ക് ട്യൂഷന്‍ കൊടുക്കുന്ന ജോലികൾ, ഡേറ്റാവേർ ഹൌസിങ്ങ്, ഡേറ്റാ മൈനിങ്ങ്, സപ്ളെ ചെയിന്‍ മാനേജ്മെന്‍റ്, കസ്റ്റമർ റിലേഷന്‍ഷിപ്പ് മാനേജ്മെന്‍റ് തുടങ്ങിയ മേഖലകൾ വേറെയുമുണ്ട്.
താരതമേന്യം വൈദഗ്ദ്യം ആവശ്യമുള്ള മേഖലകളായ ഇന്‍ഷുറന്‍സ് ക്ലെയിം തീർപ്പാക്കല്‍, ക്രെഡിറ്റ് കാർഡ് അക്കൌണ്ട് പരിശോധിക്കുക, KYCഓണ്ലൈന്‍ പരിശോധന തുടങ്ങിയവയുൾപ്പെടുന്ന ഫിന്‍ടെക് വിഭാഗത്തില്‍പ്പെടുന്ന ജോലികളും ഇപ്പോൾ ഔട്സോഴ്സ് ചെയ്യുന്നുണ്ട്. ആയതിനാല്‍‌ത്തന്നെ ഇത്തരം സേവനങ്ങൾ ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്കും ഏറെ സാധ്യതയുണ്ട്. നിലവില്‍‌ ഇത്തരം സംരംഭങ്ങൾ മലയാളികളുടേതായി പ്രവർത്തിക്കുന്നുമുണ്ട്.  ഇവയൊക്കെ ബി പി ഓ യുടെ രണ്ടാം തലമുറ ആയാണ് പരിഗണിക്കപ്പെടുന്നത്.

KPOഅഥാവാ നോളജ് പ്രോസസ് ഔട്സോഴ്സസിങ്ങ് വിഭാഗത്തില്‍പ്പെടുന്ന ജോലികളെ ബി പി ഓയുടെ മൂന്നാം തലമുറയായാണ് കണക്കാക്കുന്നത്.അതി വൈദഗ്ദ്യം ആവശ്യമുള്ള ജോലികളാണിവ. Patent Evaluation, Equity Research, Legal Reports, Engineering Reports, Investment Products Designഎന്നിവ ഇത്തരം ജോലികൾക്കുദാഹരണമാണ്.   പ്രമാണങ്ങൾ തയ്യാറാക്കുക, പേറ്റന്‍റ് സംബന്ധമായ കാര്യങ്ങൾ ചെയ്യുക, ഐ ടി മേഖലയിലെ തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കുക തുടങ്ങിയവയുൾപ്പെടുന്ന LPOഅഥവാ ലീഗല്‍ പ്രോസസ് ഔട്ട് സോഴ്സിങ്ങ് ഇതില്‍‌ പ്രധാനപ്പെട്ടതാണ്. ലോകോളേജുകളും ഹൈക്കോടതിയും അയ്യായിരത്തിലേറെ അഭിഭാഷകരുടെ സാന്നിധ്യവുള്ള കൊച്ചിക്ക് മുന്‍പില്‍ LPO വലിയൊരു സാധ്യതയാണ്.

മറ്റ് കമ്പനികൾക്ക് വേണ്ടി ഗവേഷണം നടത്തുന്ന Research Process Outsourcing (RPO) ആണ് മറ്റൊന്ന്.  വിദേശ രാജ്യങ്ങൾക്ക് വേണ്ടി എഞ്ചിനിയറിങ്ങ് ഡിസൈന്‍. ഡ്രാഫ്റ്റിങ്ങ്, പ്ലാന്‍റ് ഡിസൈന്‍, പ്രൊഡക്ട് ഡിസൈന്‍ തുടങ്ങിയ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന KPO സ്ഥാപനങ്ങളുണ്ട്. ESO അഥവാ എഞ്ചിനിയറിങ്ങ് സോഴ്സ് ഔട്സോഴ്സിങ്ങ് എന്നാണ് ഈ മേഖലക്ക് പേര്. തോഷിബ, ജനറല്‍ ഇലക്ട്രിക്സ്, തുടങ്ങിയ വമ്പന്‍മാരുടെ പല ഡിസൈന്‍ ജോലികളും നടക്കുന്നത് ഇന്ത്യയിലാണ്. 2020 ലെത്തുമ്പോൾ ലോക ESO വിപണിയുടെ 25 ശതമാനം അഥവാ 50 ബില്യണ്‍ ഡോളറിന്‍റെ കരാറുകൾ ഇന്ത്യയിലെത്തുമെന്നാണ് വിപണി വൃത്തങ്ങൾ കണക്കാക്കുന്നത്. എഞ്ചിനിയറിങ്ങിന് ശേഷം CAD, CAM സാങ്കേതിക വിദ്യകളില്‍ പ്രാവിണ്യം നേടിയവർക്കാണ് അവസരം.

വന്‍കിട സ്ഥാപനങ്ങളുടെ റിക്രൂട്ട്മെന്‍റുകൾ കൈകാര്യം ചെയ്യുന്ന Recruitment Process Outsourcing (RPO)പ്രധാനപ്പെട്ട മറ്റൊരു സാധ്യതയാണ്. അതായത് വിവിധ സ്ഥാപനങ്ങൾക്ക് ആയിരക്കണക്കിന് ജീവനക്കാരെ പുതുതായി നിയമിക്കേണ്ടി വരുമ്പോൾ ലക്ഷക്കണക്കിന് അപേക്ഷകൾ കൈകാര്യം ചെയ്യേണ്ടി വരും.  ഇത് ഏറ്റെടുത്ത് നടത്തുന്ന സ്ഥാപനങ്ങളാണ് ഇവ.  റിക്രൂട്ട്മെന്‍റ് അനലിസ്റ്റ്, റിവേർഡ് അനലിസ്റ്റ്, റിപ്പോർട്ടിങ്ങ് അനലിസ്റ്റ് എന്നിവ ഇത്തരം സ്ഥാപനങ്ങളിലെ ചില ജോലികളാണ്. ഇപ്പോൾത്തന്നെ RPOവേൾഡ് വൈഡ്. Golden Sachsഎന്നിവർ ഈ രംഗത്തുണ്ട്.

ഡേറ്റാ അനലിറ്റിക്സ്

സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ മാധ്യമങ്ങള്‍ വഴി രൂപപ്പെടുന്ന അതിബൃഹത്തായ വിവരശേഖരത്തില്‍ നിന്ന് അതതുമേഖലകള്‍ക്കാവശ്യമായ വിശകലന റിപ്പോര്‍ട്ടുകളും അനുമാനങ്ങളും സ്ഥിതിവിവരക്കണക്കുകളും സമയബന്ധിതമായി തയ്യാറാക്കുന്ന പ്രക്രിയയാണ് ബിഗ് ഡേറ്റ അനാലിസിസ്. ഇതിന്‍ പ്രകാരം ഒരു വ്യക്തിയുടെയോ ഒരു സംഘം വ്യക്തികളുടേയോ താല്‍പര്യങ്ങള്‍ എന്തൊക്കെയെന്ന് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെയുള്ള അവരുടെ ഇടപെടലുകള്‍ പരിശോധിച്ചും ക്രോഡീകരിച്ചും മനസ്സിലാക്കുന്നതുമുതല്‍ ഒരു രാജ്യത്തെ സാമ്പത്തിക സ്ഥിതി ആ രാജ്യത്തെ കഴിഞ്ഞകാല സംഭവങ്ങളുടേയോ ആനുകാലിക സംഭവങ്ങളുടേയോ അടിസ്ഥാനത്തില്‍ എങ്ങനെ പ്രതികരിക്കും എന്ന മുന്‍ കൂട്ടി മനസ്സിലാക്കാന്‍ വരെ ബിഗ് ഡേറ്റ അനലറ്റിക്‌സ് സഹായിക്കും.ഇന്ന് ലോകത്ത് വാണിജ്യവ്യവസായവ്യാപാര രംഗങ്ങളില്‍ ബിഗ് ഡേറ്റ അനലറ്റിക്‌സിന് സാധ്യതകളേറെയാണ്.ഡേറ്റാ അനലിസ്റ്റിക്സ്, ബിസിനസ് റിസേർച്ച്, ഇന്‍വെസ്റ്റ്മെന്‍റ് റിസേർച്ച് എന്നിവയൊക്കെ ഈ മേഖലയിലെ തൊഴില്‍ അവസരങ്ങളാണ്. എന്‍ജിനീയറിംഗ്, ഐടി, ബിസിനസ് മേഖലകളില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകര്‍ ധാരാളമുള്ള കേരളത്തില്‍ ബിഗ് ഡേറ്റ അനലറ്റിക്‌സിനു സാധ്യത ഏറെയാണ്. SAS, Evalue Serve, Marketics, Kandorതുടങ്ങിയ സ്ഥാപനങ്ങൾ ഇപ്പോൾ ഇന്ത്യയില്‍ ഈ മേഖലയില്‍ പ്രവർത്തിക്കുന്നുണ്ട്.  ഡേറ്റാ സെക്യൂരിറ്റി മേഖലയിലും പുത്തന്‍ സംരംഭങ്ങൾക്ക് സാധ്യത ഏറെയാണ്.

ERP അഥവാ എന്‍റർപ്രൈസ് റിസോഴ്സ് പ്ലാനിങ്ങ്, BI അഥവാ ബിസിനസ്സ് ഇന്‍റലിജെന്‍സ് തുടങ്ങിയ മേഖലകൾ ഇപ്പോൾത്തന്നെ സജീവമാണ്.

വിദ്യാഭ്യാസ വ്യവസായ മേഖല

വിദ്യാഭ്യാസം ഒരു വ്യവസായമായി വളർന്നിരിക്കുന്ന ഒരു കാലഘട്ടമാണ്. Lion Bridge, Tata Interactive, Knowledge Solutionsതുടങ്ങിയ ഇന്ത്യന്‍ കമ്പനികൾ ഈ മേഖലയിലുണ്ട്. ഇന്‍റെർനെറ്റിലൂടെ 24 മണിക്കൂറും നടത്താവുന്ന ഈ ജോലി അഭ്യസ്ത വിദ്യരേറെയുള്ള കേരളത്തിന് ഒരു അനുഗ്രഹമാണ്. അധ്യാപകർക്ക് മാത്രമല്ല സാങ്കേതിക വിദഗ്ദർക്കും ഈ രംഗത്ത് ശോഭിക്കാനാകും.

ആർട്ടിഫിഷ്യല്‍ ഇന്‍റ്റലിജെന്‍സും കാർഷിക മേഖലയും

ആർട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സാണ് എടുത്ത് പറയേണ്ട മറ്റൊരു മേഖല. കാർഷിക രംഗം മുതല്‍ വന്‍കിട കമ്പനികളുടെ ഉല്‍പ്പാദനം വരെയുള്ള രംഗങ്ങളില്‍ എ ഐ പിടി മുറുക്കിക്കഴിഞ്ഞു. കർഷകർ, ഉല്‍പ്പാദകർ, സംരംഭകർ, സംസ്കരണ രംഗത്ത് പ്രവർത്തിക്കുന്നവർല എന്നിവർക്ക് ഇത് ഏറെ പ്രയോജനപ്പെടും. വിത്തിടല്‍ മുതല്‍ വിളവെടുപ്പ് വരേയും വിളവെടുപ്പിന് ശേഷവും ഫാമിങ്ങ് രംഗത്ത് പ്രയോജനപ്പെടുത്തുവാനുള്ള സാങ്കേതിക വിദ്യകളാണ് രൂപപ്പെട്ട് വരുന്നത്. നിരവധി വന്‍കിട കമ്പനികൾ Total Solution Provider ആയി ഈ രംഗത്ത് എത്തിക്കഴിഞ്ഞു.  സാറ്റലൈറ്റ് ഇമേജിന്‍റേയും സെന്‍സറുകളുടേയും സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങൾ കാലാവസ്ഥ, വിവിധയിനം വിളകൾ എന്നിവയുമായി സമന്വയിപ്പിച്ച് കൊണ്ട് ഓരോ കർഷകനും വിവിധയിനം വിളകൾക്കും കൃത്യമായി അനുവർത്തിക്കാവുന്ന പരിചരണ തന്ത്രങ്ങൾ, വിപണിയിലെ ഏറ്റക്കുറച്ചിലിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ, ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത ഇവ വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവയും ഇതിലൂടെ ലഭ്യമാകും. ഇവിടെയെല്ലാം പുത്തന്‍ സാധ്യതകളും തൊഴിലവസരങ്ങളും ഉടലെടുക്കുന്നുണ്ട്.

മറ്റ് മേഖലകൾ

GIS അഥവാ ജിയോഗ്രാഫിക്കല്‍ ഇന്‍ഫർമേഷന്‍ സിസ്റ്റം എന്ന മേഖലയിലും വിദേശ കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ഇപ്പോൾ തന്നെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സാങ്കേതിക വിദ്യയാണിത്.  ഈ രംഗത്ത് ഔട്ട് സോഴ്സിങ്ങ് കമ്പനികൾക്ക് ഇനിയും ധാരാളം സാധ്യതകളുണ്ട്.

വളർച്ചാ നിരക്ക് ഏറെയുള്ള രംഗമാണ് ഇലക്ട്രോണിക് ചിപ്പ് ഡിസൈന്‍. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫാബ്ലെസ് ചിപ്പ് ഡിസൈന്‍ ഇന്‍കുബേറ്റർ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ചിപ്പ് ഡിസൈന്‍ മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.  അടുത്ത മൂന്ന് നാല് വർഷങ്ങൾക്കുള്ളില്‍ ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈന്‍ ആൻറ് മാനുഫാക്ച്വറിങ്ങ് മേഖലയില്‍ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപമാാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സോഫ്റ്റ് വെയർ ടെസ്റ്റിങ്ങ് സ്ഥാപനങ്ങളാണ് മറ്റൊരു പുതിയ സാധ്യത.  പല കമ്പനികളും ഇത് സ്വതന്ത്ര ഏജന്‍സികൾക്ക് കൊടുക്കുകയാണ് പതിവ്.  അമേരിക്കയിലെ Gomez, ബ്രിട്ടനിലെ Mission Assurance, ഇന്ത്യന്‍ സ്ഥാപനങ്ങളായ Maveric, Ready Test Go എന്നിവയൊക്കെയും ഈ രംഗത്തെ കമ്പനികളാണ്.

ഐ ടി രംഗത്ത് ഇന്‍റർനെറ്റ് ഓഫ് തിങ്ങ്സ് വിപുലപ്പെടുമ്പോൾ സേവനങ്ങളെ ബാധിക്കുന്ന സുരക്ഷാ സംവിധാനത്തിന് പ്രത്യേക സൈബർ സെക്യൂരിറ്റി സിസ്റ്റം ആവശ്യമായി വരുന്നുണ്ട്. ആയതിനാല്‍ത്തന്നെ ഇത്തരം സ്ഥാപനങ്ങൾക്ക് ഇനിയുള്ള കാലഘട്ടങ്ങളില്‍ ഏറെ സാധ്യതകളുണ്ട്.

നിർമ്മാണ രംഗത്ത് ഓട്ടോമേഷന്‍ വിപുലപ്പെടുന്നത് തൊഴില്‍ രംഗത്ത് വന്‍ മാറ്റങ്ങളുണ്ടാക്കും. 2030 ആകുമ്പോൾ 40 ശതമാനം വാഹനങ്ങളും 2040 ഓടെ രാജ്യത്തെ മുഴുവന്‍ വാഹനങ്ങളും വൈദ്യതിയിലേക്ക് മാറുമെന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോ മൊബൈല്‍ മാനുഫാക്ച്വേഴ്സ് (SIAM) പ്രവചിച്ചിരിക്കുന്നത്.

GST യുടെ കടന്ന് വരവ് രാജ്യത്തെ തൊഴില്‍ മേഖലകളില്‍ ഏറെ മാറ്റങ്ങൾക്ക് കാരണമാകുവാന്‍ പര്യാപ്തമായിട്ടുണ്ട്. ബാങ്കിങ്ങ്, സാമ്പത്തികം, ഇന്‍ഷുറന്‍സ്, നികുതി, ടെക്നോളജി വിദഗ്ദരുടെ ആവശ്യകത വർദ്ധിക്കും. FMC, ഉപഭോക്തൃ വിപണി, ഫാർമസ്യൂട്ടിക്കല്‍, റിയല്‍ എസ്റ്റേറ്റ്, വ്യവസായ മേഖല തുടങ്ങിയവയിലെല്ലാം GST മാറ്റം വരുത്തും. ഇത് പൂർണ്ണ തോതില്‍ പ്രാവർത്തികമാകുന്നതോടെ നികുതി വിദഗ്ദരായും കണ്‍സൾട്ടന്‍റുമാരായുമെല്ലാം 13 ലക്ഷം പേർക്ക് തൊഴില്‍ ലഭ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

മെയക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിർമ്മാണ മേഖലക്ക് ഊന്നല്‍ നല്‍കുമ്പോൾ ചെറുകിട നിർമ്മാണ മേഖലയിലാണ് തൊഴില്‍ സാധ്യത ഏറുന്നത്. വസ്ത്ര, ചെരിപ്പ് നിർമ്മാണ മേഖലയില്‍ ടെക്നോളജി, ഡിസൈന്‍, സ്കില്‍ ഡവലപ്മെന്‍ര്, കയറ്റ്മതി, വിപണനം എന്നിവയില് നിരവധി തൊഴിലവസരങ്ങളാണ് വരുവാനിരിക്കുന്നത്.

അനലിറ്റിക്സ്, സ്കില്‍ ഡവലപ്മെന്‍റ്, സംരംഭകത്വം എന്നിവയ്ക്ക് ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കി വരുന്നു. രാജ്യത്തിന്‍റെ പ്രധാനപ്പെട്ട പദ്ധതികളായ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ നിർമ്മാണ മേഖലക്കും, സ്കില്‍ ഇന്ത്യയില്‍ തൊഴില്‍ വൈദഗ്ധ്യത്തിനും ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റലൈസേഷന്‍, ഇ കൊമേഴ്സ് എന്നിവയ്ക്കും കൂടുതല്‍‌ പ്രാധാന്യം ലഭിക്കുന്നതോടെ തൊഴിലവസരങ്ങളിലും വന്‍ വർദ്ധന പ്രതീക്ഷിക്കാം.

ചില വെല്ലുവിളികൾ

കേരളത്തെ സംബന്ധിച്ച് 170 ന് മുകളിലുള്ള എഞ്ചിനിയറിങ്ങ് കോളേജുകളുടെ എണ്ണം ഒരേ സമയം ഗുണപരവും ഒപ്പം വെല്ലുവിളികൾ നിറഞ്ഞതുമാണ്. കൂണ് പോലെ മുളച്ച് പൊന്തുന്ന എഞ്ചിനിയറിങ്ങ് സ്ഥാപനങ്ങൾക്ക് വേണ്ടത്ര ഗുണ നിലവാരമില്ലാത്തത് ആശങ്കാജനകമായ വസ്തുതയാണ്. വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന എഞ്ചിനിയറിങ്ങ് ഡിഗ്രിക്കാരെ നിരവധിയായി കാണുവാന്‍ കഴിയും. മാറുന്ന തൊഴില്‍ സാഹചര്യങ്ങൾക്ക് അനുസൃതമായി നൈപുണ്യമുള്ള തൊഴിലാളികളെ കിട്ടുവാനില്ല എന്നത് ഒരു യാഥാർത്ഥ്യമായി നില നില്‍ക്കുന്നുണ്ട്. സെല്‍ഫ് അഡാപ്റ്റീവ് സോഫ്റ്റ് വെയർ പോലുള്ള സാങ്കേതിക വിദ്യകൾ പ്രചരിച്ചാല്‍ ജീവനക്കാരുടെ ആവശ്യകത വളരെ കുറയുമെന്നതിനാല്‍ ഇനിയുള്ള കാലത്ത് എന്ത് സർട്ടിഫിക്കറ്റ് കൈയിലുണ്ട് എന്നതിനപ്പുറം സവിശേഷമായ നൈപുണ്യമെന്തുണ്ട് എന്നതാണ് പ്രധാന ചോദ്യം. ഇതിനനുസൃതമായി നാം അപ്ഡേറ്റഡ്ആയില്ലായെങ്കില്‍ മാറുന്ന കാലഘട്ടത്തില്‍ തൊഴില്‍ വിപണിയില്‍ നാം പിന്തള്ളപ്പെട്ട് പോകുമെന്നതിന് പക്ഷാന്തരമില്ല.